രാജ്യത്തെ പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം സര്‍ക്കാര്‍ മുന്‍കൈയെടുത്തു ലഭ്യമാക്കണം എന്ന് ഷാഫി പറമ്പില്‍ എം.പി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. പ്രസവാനന്തര വിഷാദരോഗം ബാധിച്ച അമ്മമാരുടെ എണ്ണത്തിലുള്ള വർധന ആശങ്കജനകമാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. പ്രസവശേഷം സ്ത്രീകളെ ബാധിക്കുന്നതും നീണ്ടുനിന്നേക്കാവുന്നതുമായ ഒരു മാനസിക രോഗമാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ. മിക്ക ആശുപത്രികളിലും പ്രസവാനന്തര വിഷാദരോഗം നിർണയിക്കാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടു തന്നെ പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുന്നു. ശരിയായ ചികിത്സ കിട്ടാത്ത പ്രസവാനന്തര വിഷാദരോഗം അമ്മക്കും നവജാതശിശുവിനും ഒരുപോലെ ദോഷം ചെയ്യും. ഇന്ത്യയിൽ, കൃത്യമായ രോഗനിർണയം നടത്താത്തതും ചികിത്സിക്കാത്തതുമായ സുപ്രധാന വൈകല്യങ്ങളിൽ ഒന്നാണ് പ്രസവാനന്തര വിഷാദരോഗം. അതോടൊപ്പം ശിശുമരണത്തിനുള്ള ഒരു പ്രധാന കാരണങ്ങളിലൊന്നുമാണ്. ഇന്ത്യയിലെ സ്ത്രീകളിൽ 22 ശതമാനത്തോളം പ്രസവാനന്തര വിഷാദരോഗ ബാധിതരാവുന്നുവെന്നാണ് കണക്കുകൾ. അതിഗൗരവതരമായ ഈ പ്രശ്നം മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം 377 പ്രകാരം ഷാഫി പറമ്പിൽ ലോക്സഭയില്‍ ആവശ്യപ്പെട്ടു.