കൊല്ലത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍

കൊല്ലത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍. യു.പി അലഹബാദ് സ്വദേശിനിയായ പ്രീതി റാണ (40) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാത്രി 11.15ഓടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് പകുതിയോളം പുറത്ത് വന്ന സ്ഥിതിയിലായിരുന്നു. നാട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയും തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറിയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് സന്തോഷ് കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ജോബിന്‍ അച്ചന്‍കുഞ്ഞ് എന്നിവര്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ജോബിന്‍ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി. ആംബുലന്‍സില്‍ വെച്ചു തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. 11.29ന് ജോബിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ജോബിന്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽക്കുകയും ചെയ്തു. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് സന്തോഷ് കുമാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.