പാകിസ്താനില്‍ വീണ്ടും പോളിയോ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

പാകിസ്താനില്‍ വീണ്ടും പോളിയോ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 2025-ലെ മൂന്നാമത്തെ പോളിയോ കേസ് സ്ഥിരീകരിച്ചതായി പാകിസ്താന്റെ ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. സിന്ധ് പ്രവിശ്യയിലെ ലര്‍കാന ജില്ലയിലാണ് വൈല്‍ഡ് പോളിയോ വൈറസ് ടൈപ്പ് 1രോഗബാധ സ്ഥിരീകരിച്ചത്. ഈ വർഷം തന്നെ സിന്ധില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പോളിയോ വൈറസ് ബാധയാണിത്. മറ്റൊന്ന് ഖൈബര്‍ പഖ്തുണ്‍ഖ്‌വയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം പാകിസ്താനില്‍ ആകെ 74 പേര്‍ക്കാണ് പോളിയോ ബാധിച്ചത്. ഇതില്‍ 27 പേര്‍ ബലോചിസ്താനില്‍നിന്നും 22 പേര്‍ ഖൈബര്‍ പഖ്തുണ്‍ഖ്‌വയില്‍നിന്നും 23 പേര്‍ സിന്ധ് പ്രവിശ്യയില്‍നിന്നും ആയിരുന്നു. പഞ്ചാബിലും ഇസ്ലമാബാദിലും ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താനില്‍ 2025-ലെ ആദ്യ പോളിയോ വാക്‌സിന്‍ വിതരണം നടന്നത് ഫെബ്രുവരി 3 മുതല്‍ 9 വരെയായിരുന്നു. 99 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി എന്നാണ് വിലയിരുത്തപ്പെടുന്നത്.