പുണെയിലും കൊൽക്കത്തയിലുമായി അപൂർവ നാഡീ വൈകല്യമായ ഗില്ലിൻ-ബാരെ സിൻഡ്രോം വർധിക്കുന്നതായി റിപ്പോട്. മഹാരാഷ്ട്രയിൽ പുണെയിലെയും സോലാപൂരിലെയും രണ്ടു മരണങ്ങൾ ഗില്ലിൻ-ബാരെ സിൻഡ്രോം കാരണമെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടക്കുകയാണ്. പുണെയിലും മഹാരാഷ്ട്രയിലെ ചില ജില്ലകളിലും ഈ രോഗം സംശയിക്കുന്ന കേസുകളുടെ എണ്ണം 130 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചു. ഇവരിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ ഗുരുതരാവസ്ഥയിലാണ്. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ തകർക്കുകയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗം ആരഭിക്കുന്നത്. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം. രോഗം ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.