ശബരിമല; ഭരണ നിര്‍വഹണത്തിനു പ്രത്യേക നിയമ നിര്‍മാണമാരാഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനു പ്രത്യേക നിയമം നിര്‍മിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞു സുപ്രീം കോടതി. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടു പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജിയിലാണു കോടതി സര്‍ക്കാരിനോടു നിര്‍ദേശം ആരാഞ്ഞത്.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക സംവിധാനമുണ്ടാക്കുമെന്നു നേരത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ കോടതിക്കു കൈമാറി. ഇതു പരിഗണിക്കവെയാണു സുപ്രീംകോടതി പ്രത്യേക നിയമത്തിന്റെ സാധ്യത ആരാഞ്ഞത്.

ശബരിമല ക്ഷേത്രഭരണത്തിനു പ്രത്യേക നിയമനിര്‍മാണം വേണമെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, നിയമം കൊണ്ടുവരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. നിയമത്തിന്റെ കരട് ബില്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കരടില്‍ മൂന്നിലൊന്നു സ്ത്രീസംവരണം നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ഏഴംഗ ബെഞ്ച് വിധി മറിച്ചാണെങ്കില്‍ സ്ത്രീനിയമനം സാധ്യമാവുമോ എന്നും കോടതി ആരാഞ്ഞു.

വര്‍ഷം 50 ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതു ശരിയല്ലെന്നു ജസ്റ്റീസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി കേസ് തത്കാലത്തേക്കു മാറ്റിവച്ചു.

LEAVE A REPLY