പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി വ്യക്തമാക്കി. വളർത്തുമൃഗങ്ങൾ തെരുവുനായ എന്നിവയുടെ കടിയോ മാന്തല്ലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് പൈപ്പ് തുറന്നുവെച്ച് വെള്ളത്തിൽ കഴുകണം. മുറിവുള്ള ഭാഗം നന്നായി കഴുകിയതിനു ശേഷം പേവിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ഏറ്റവും അടുത്ത ആശുപത്രിലെത്തി വാക്സിൻ സ്വീകരിക്കുകയും വേണം. വളർത്തുമൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗനിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കുന്നതാണ്. പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്. ചെറിയ കുട്ടികളെ വളർത്തുമൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ആകാര്യം രക്ഷിതാക്കളോട് പറയാൻ കുട്ടികളോട് പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കുക. വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ എടുക്കാനും ഉടമസ്ഥർ ശ്രദ്ധിക്കണം.