ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി സുജിത് കുമാർ ആവശ്യപ്പെട്ടു

ജങ്ക് ഫുഡ് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി സുജിത് കുമാർ ആവശ്യപ്പെട്ടു. ജങ്ക് ഫുഡ് ഉ​പഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. ജങ്ക് ഫുഡിന്റെ അമിത ഉപഭോഗവും മോശം ജീവിതശൈലിയുമാണ് ​പ്രമേഹം, കാൻസർ, പൊണ്ണത്തടി എന്നി സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് അപകടകരമായ നിലയിൽ വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പരസ്യകമ്പനികൾ കുട്ടികളെ ലക്ഷമിടുന്നതിനാൽ കുട്ടികളാണ് ജങ്ക് ഫുഡിന് ഏറ്റവും അധികം അടിമകളാകുന്നത്. ജനസംഖ്യയുടെ 41 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. 2006 നും 2019 നും ഇടയിൽ പാക്ക് ചെയ്ത ജങ്ക് ഫുഡിന്റെ ഉപഭോഗത്തിൽ 40 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഒരേ കമ്പനികൾ സമാന ജങ്ക് ഫുഡുകൾ വിദേശത്ത് വിൽക്കുന്നതിനേക്കാൾ ഗുണനിലവാരം ഏറെ കുറഞ്ഞതാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഇത് ഇന്ത്യയിലെ പൗരൻമാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇന്ത്യയിലെ പൗരമാരുടെ ആരോഗ്യത്തേക്കാൾ കമ്പനികൾ മുൻഗണന നൽകുന്നത് ലാഭത്തിന് മാത്രമാണെന്നും എം.പി സഭയിൽ വ്യക്തമാക്കി.