ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 4 കാലുകളുള്ള 17 കാരനില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. സാധാരണ കാലുകള്‍ക്ക് പുറമെ വയറില്‍ നിന്ന് വളര്‍ന്ന 2 കാലുകളാണ് കൗമാരക്കാരനില്‍ ഉണ്ടായിരുന്നത്. 17 വര്‍ഷക്കാലമാണ് ദുരിതമനുഭവിച്ചാണ് ജീവിച്ചത്. അധിക കാലുകളുള്ളതിനാല്‍ ശരീരത്തിന് ശരിയായ രീതിയില്‍ വളരാനാകാത്ത സ്ഥിതിവരെയുണ്ടായിരുന്നു. ‘ഇന്‍കംപ്ലീറ്റ് പരാസൈറ്റിക് ട്വിന്‍സ്’ എന്ന അവസ്ഥയാണ് കൗമാരക്കാരനുണ്ടായിരുന്നതെന്ന് എയിംസിലെ ശസ്ത്രക്രിയ വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. അസുരി കൃഷ്ണ വ്യക്തമാക്കി. ഒരു കോടി ആളുകളില്‍ ഒരാള്‍ എന്നനിലയില്‍ അത്യപൂര്‍വമായി മാത്രമെ ഇത്തരം ശാരീരികാവസ്ഥകള്‍ ഉണ്ടാകാറുള്ളൂ. ഇരട്ടക്കുട്ടികളായാണ് ഗര്‍ഭംധരിക്കപ്പെടുന്നതെങ്കിലും ഒരാളുടെ ശരീരത്തിന് വളര്‍ച്ചയില്ലാതാവുകയും എന്നാല്‍ അയാളുടെ അവയവങ്ങള്‍ രണ്ടാമത്തെ ആളുടെ ശരീരവുമായി ചേര്‍ന്ന് വളരുകയും ചെയ്യുന്ന അവസ്ഥയാണിത്. ലോകത്ത് 4 കാലുകളുമായി കുട്ടികള്‍ ജനിച്ച 42 സംഭവങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.