കണ്ണൂരില്‍ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തവെ, ജീവിതത്തിലേക്ക് മടങ്ങി വന്ന് 67 കാരന്‍

കണ്ണൂരില്‍ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തവെ, ജീവിതത്തിലേക്ക് മടങ്ങി വന്ന 67 കാരന്‍ പവിത്രന്റെ ആരോഗ്യ നിലയില്‍ പുരോഗതി എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് കണ്ണൂര്‍ സ്വദേശി പവിത്രനെ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുമ്പോള്‍ കൈ അനങ്ങിയതായി ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയതാണ് വഴിത്തിരിവായത്. മോര്‍ച്ചറിയില്‍ ഫ്രീസറടക്കം സജ്ജീകരിച്ചിരിക്കെ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനു പിന്നാലെ പവിത്രനെ വീണ്ടും ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ നൈറ്റ് സൂപ്പര്‍വൈസര്‍ ആര്‍.ജയനും ഇലക്ട്രിഷ്യന്‍ അനൂപിനും പവിത്രന് നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍ക്കുകയായിരുന്നു. ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗലാപുരത്തെ ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രന് ഡോക്ടര്‍മാര്‍ ആയുസില്ലെന്നു സ്ഥിതീകരിച്ചിരുന്നു. താങ്ങാനാകാത്ത ചികിത്സ ചെലവ് മൂലം ബന്ധുക്കള്‍ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. വെന്റിലേറ്റര്‍ മാറ്റിയാല്‍ പത്ത് മിനിറ്റ് മാത്രമേ ആയുസ്സ് കാണൂ എന്നും ഡോക്ടര്‍മാര്‍ വിധിച്ചെങ്കിലും പവിത്രനെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ ഹൃദയമിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രന്‍ മരിച്ചെന്ന വാര്‍ത്ത നാട്ടിലേക്കെത്തി. പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വിളിച്ച് മോര്‍ച്ചറി സൗകര്യം ഏര്‍പ്പാടാക്കി ,പുലര്‍ച്ചെ മൂന്ന് മണിയോടെ മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.