75-വയസുള്ള ഒരു വയോധിക ആണവർ. പാതിരാത്രിയിൽ സെക്കൻഡ് ഷോ കാണാൻ പോകുകയോ, കാമുകനോടൊപ്പം കുട്ടിയുടുപ്പിട്ട് നടക്കുകയോ അവർ ചെയ്തിട്ടില്ല. ഇതെല്ലാമാണല്ലോ ഒരു പെൺകുട്ടി പീഡനത്തിനിരയായാൽ ആളുകൾക്കു പറയുവാനുള്ളത്!
എവിടെയാണ് സ്ത്രീകൾ സുരക്ഷിതർ? എവിടെയാണ് സ്ത്രീകൾക്കു സമാധാനമായി, സ്വസ്തമായി ജീവിക്കാൻ കഴിയുക? 75 വയസുള്ള ഒരു സ്ത്രീ നമ്മുടെ നാട്ടിൽ പീഡനത്തിനിരയായി, ഇതുപോലുള്ള ഈ നാട്ടിൽ ഒരു പെൺകുട്ടി എത്രത്തോളം സുരക്ഷിത ആണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പട്ടാപകൽ കോലഞ്ചേരിയിൽ അതിക്രൂരമായി ഒരു വയോധിക പീഡനത്തിനിരയായതിനു കാരണം അവരുടെ കുട്ടിയുടുപ്പാണോ? അതോ സ്വന്തം നാട്ടിൽ കാമുകനോടൊപ്പമുള്ള അവരുടെ രാത്രി സഞ്ചാരമോ?
കോവിഡ് കാലമാണ്, വീട്ടിലടച്ചിരുന്നാൽ വീർപ്പുമുട്ടൽ എല്ലാവർക്കുമുണ്ടാകും, പ്രായമായവരാണ് ജോലിയെടുത്തു ജീവിച്ചവർക്ക് അതുചെയ്യാതെ ഒരു സമാധാനവും ഉണ്ടാകില്ല, അതുകൊണ്ടാണ് പുല്ലുപറിക്കാനാണ്, സാധനങ്ങൾ വാങ്ങാൻ ആണ് എന്നുള്ള വ്യാജേനെയെല്ലാം അവർ വീടിനു പുറത്തിറങ്ങി നടക്കുന്നത്. നാട്ടുവർത്തമാനം പറയാനും ഒന്നു വെറ്റില മുറുക്കാനുമുള്ള അവസരമാണ് അവർക്കിത്.  അങ്ങനെ വീടിനു പുറത്തിറങ്ങിയ ഒരു അമ്മയാണ് ജനനേന്ദ്രിയത്തിൽ വരെ ആഴമുള്ള മുറിവുകൾ സംഭവിച്ചു രക്തം വാർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ടത്.
കഞ്ഞിയും പുകയിലയും തരാമെന്ന വ്യാജേന ഒരു 75 വയസുകാരിയെ 2 പുരുഷന്മാരുടെ മുന്നിൽ വലിച്ചെറിഞ്ഞു കൊടുത്തത് സ്വന്തം നാട്ടുകാരിയായ ഒരു സ്ത്രീ ആണെന്നത് പ്രബുദ്ധകേരളത്തിലെ മനുഷ്യത്വം മരവിച്ച ഒരു കൂട്ടരെയാണ് തുറന്നുകാണിക്കുന്നത്.
കോലഞ്ചേരി ബലാത്സംഗക്കേസ് മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഓൺലൈൻ വാർത്തയുടെ കീഴിൽ വന്ന കമന്റ് ഇതായിരുന്നു,  ‘അമ്മ ഒരു ചരക്ക് ആയിരിക്കും’. എന്ന്. അമ്മയെയും പെങ്ങളെയും മകളെയും വരെ കാമകണ്ണുകളാൽ നോക്കാൻ സാധിക്കുന്ന ഇത്തരത്തിൽ പെട്ടവരും ബലാത്സംഗം ചെയ്യുന്നവരും തമ്മിൽ വ്യതാസമൊന്നുമില്ല എന്നു തന്നെ പറയാം.
കുറ്റം ചെയ്തവരെ ജയിലുകളിൽ ഭക്ഷണവും മറ്റുസൗകര്യങ്ങളും ഒരുക്കി തീറ്റിപ്പോറ്റി വളർത്തുന്ന നിയമങ്ങൾ ഇവിടെ നിലനിൽക്കുന്ന അത്രയും കാലം സ്കൂളുകളിൽ പോകുന്ന നമ്മുടെ പെൺമക്കളും, വയസായ അമ്മൂമ്മാരും, വീട്ടിലുള്ള അമ്മമാരും ഒന്നും ഇവിടെ സുരക്ഷിതരല്ല.

LEAVE A REPLY