ജമ്മു കശ്മീരിലെ രജൗരിയിൽ ദുരൂഹമരണങ്ങളൾക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ല എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ജമ്മു കശ്മീരിലെ രജൗരിയിൽ ദുരൂഹമരണങ്ങളൾക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ല എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്.
ദുരൂഹമായ കാരണത്തെ തുടർന്ന് ഇതിനകം ജീവൻ നഷ്ടപ്പെട്ടത് 17 പേർക്കാണ്. മരണത്തിലേക്ക് നയിച്ച രോഗബാധയ്ക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ലെന്നും ജൈവിക വിഷവസ്തുവിന്റെ സാന്നിധ്യമാണെന്നും പ്രാഥമിക പരിശോധനാഫലങ്ങളിൽനിന്ന് വ്യക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷവസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വിശദമായ വിശകലനം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ലഖ്‌നൗ സി.ഐ.എസ്.ആറിലെ ടോക്‌സിക്കോളജി ലാബോറട്ടറിയിലാണ് ആദ്യ പരിശോധന നടന്നത്. ബസന്ത്പുറിൽ പുതുതായി നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കവേ നടത്തിയ പ്രസംഗത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. മരണകാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും ഏതെങ്കിലും വിധത്തിലുള്ള കള്ളക്കളി കണ്ടെത്തുന്നപക്ഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി. 2024 ഡിസംബർ ഏഴിനും ജനുവരി 19-നും ഇടയിലാണ് ബധാൽ ഗ്രാമത്തിലെ മൂന്നു കുടുംബങ്ങളിലെ 17 പേർ ദുരൂഹമായ കാരണത്തെ തുടർന്ന് മരിച്ചത്. ഇതിൽ 13 പേർ കുട്ടികളാണ്. സംഭവത്തെ തുടർന്ന് പ്രദേശത്തെ കൺടെയ്ൻമെന്റ് സോണായി അധികൃതർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.