ദക്ഷിണേഷ്യയിലെ ഏകദേശം 20 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവകാലത്ത് ദൈനംദിന പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കാറുണ്ടെന്ന് പഠന റിപ്പോർട്ട്. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. 2017-23 കാലത്ത് 44 രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച 15-നും 49-നും ഇടയിൽ പ്രായമുള്ള 6,73,300 സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങളാണ് മെല്‍ബണ്‍ സര്‍വകലാശാലയിൽ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഗവേഷകര്‍ അടങ്ങിയ സംഘം പഠനത്തിന് വിധേയമാക്കിയത്. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ 15 ശതമാനം പേരാണ് ആര്‍ത്തവകാലത്ത് ദൈനംദിന പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നത്. പടിഞ്ഞാറന്‍-മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ 18.5 ശതമാനം സ്ത്രീകകളും പെണ്‍കുട്ടികളും ദൈനംദിന പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. ഏറ്റവും കൂടുതല്‍ 15-19 പ്രായത്തിനിടയിലുള്ളവരാണ്. ഇവരില്‍ 17 ശതമാനം പേരും ഈ സമയം വിട്ടുനില്‍ക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ആർത്തവകാലത്തെ അമിത രക്തസ്രാവം, വേദന എന്നിവയാണ് ജോലികളിൽനിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാക്കുന്നത് എന്നും പഠനം പറയുന്നു.