രാജ്യത്ത് എച്ച്.എം.പി.വി. ബാധിതരുടെ എണ്ണം 8 ആയതായി റിപ്പോർട്ട്. ഇന്ന് നാഗ്പുരിലെ രണ്ട് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏത് ആരോഗ്യ അടിയന്തര അവസ്ഥയെയും നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. 7 ഉം, 13 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടികൾ ഇരുവരും മഹാരാഷ്ട്രയിലുള്ള ഒരു സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചുമയും പനിയും കൂടിയതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ച കുട്ടികൾക്ക് വിദേശയാത്ര പശ്ചാത്തലം ഒന്നുമില്ല എന്നാണ് റിപ്പോർട്ട്. നിലവിൽ HMPV പോസറ്റീവ് ആയ രോഗികളുടെ എല്ലാം സാമ്പിളുകൾ തുടർ പരിശോധനകൾക്കായി നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ടിലെക്ക് അയച്ചിട്ടുണ്ട് എന്നും ആശങ്ക വേണ്ട എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.