മസലിന്റെ വലുപ്പവും ബലവും കൂട്ടാന്‍ ജിമ്മുകളില്‍ അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളില്‍ 50 ജിമ്മുകളില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു. ശരീരസൗന്ദര്യമത്സരങ്ങളുടെ ഭാഗമായി ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജകമരുന്നുകള്‍ നല്‍കിവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മരുന്നുകളെല്ലാം സ്റ്റിറോയ്ഡ് അടങ്ങിയവയാണ്. ഇഞ്ചക്ഷന്‍ രൂപത്തിലുള്ളതാണ് കൂടുതലും കണ്ടെടുത്തത്. തൃശ്ശൂരിലെ ജിം ട്രെയ്‌നറുടെ വീട്ടില്‍നിന്നും മരുന്നുകള്‍ പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ഫാര്‍മസികളിലൂടെയാണ് മരുന്നുകള്‍ വാങ്ങുന്നത് ഇത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് നടപടിയെടുക്കുന്നതിന് തടസ്സമാകുകയാണ്. ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും നിയമനടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പേശികളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കുന്ന മരുന്നുകളാണ് അനബോളിക് സ്റ്റിറോയിഡുകള്‍. ഇതിന്റെ ദീര്‍ഘകാല ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതാണ്. പേശികള്‍ക്കും അസ്ഥികള്‍ക്കും കാലക്രമേണ ബലക്ഷയം വന്നുചേരാന്നും, ഹോര്‍മോണല്‍ തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. ഹൃദയം, കരള്‍ എന്നീ അവയവങ്ങളെ തകരാറിലാക്കുകയും ചെയ്യും.