ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഡൽഹിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആയുഷ്മാൻ ഇൻഷുറൻസ് വേണ്ടെന്ന എഎപി വാദം അംഗീകരിച്ച് സുപ്രീം കോടതി. പദ്ധതി ഉടനെ നടപ്പാക്കാൻ കേന്ദ്രവും ഡൽഹി സർക്കാരും ധാരണാപത്രം ഒപ്പിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, എ.ജി. മാസി, എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഡൽഹിക്ക് സ്വന്തമായി ആരോഗ്യ പദ്ധതിയുള്ളപ്പോൾ, കേന്ദ്രത്തിന്റെ 60% സഹായം മാത്രം ലഭിക്കുന്ന പദ്ധതിക്ക് നിർബന്ധിക്കാനാവില്ലെന്നും നയപരമായ വിഷയങ്ങളിൽ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കണമെന്ന് കോടതിക്ക് എങ്ങനെയാണ് സർക്കാരിനെ നിർബന്ധിക്കാനാവുകയെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഷേക് സിങ്വി കോടതിയിൽ വാദിച്ചു. തുടർന്ന് കേന്ദ്രത്തിനും മറ്റ് എതിർകക്ഷികൾക്കും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.