ചില പാചക എണ്ണകളുടെ ഉപയോഗം കാൻസറിനു കാരണമാകുമെന്ന് പഠനം റിപ്പോർട്ട്. ‘ഗട്ട്’ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സൺഫ്ലവർ, ഗ്രേപ്പ് സീഡ്, കനോല, കോൺ ഓയിൽ എന്നീ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. ദിവസവും ഈ എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനത്തിൽ വ്യക്തമാകുന്നു. മലാശയ അർബുദം ബാധിച്ച 80 പേരിൽ നടത്തിയ പരിശോധനയിൽ, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വർധിച്ചതായി കണ്ടു. 30 മുതൽ 85 വയസ്സുവരെ പ്രായമുള്ള 81 പേരുടെ ട്യൂമർ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കാൻസർ കോശങ്ങളിൽ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കാണാൻ സാധിച്ചു. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോആക്ടീവ് ലിപ്പിഡുകൾ മലാശയ അർബുദ സാധ്യത വർധിപ്പിക്കുക മാത്രമല്ല, ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. സീഡ് ഓയിലുകളുടെ അമിതോപയോഗം ഗുരുതരമായ ഇൻഫ്ലമേഷന് കാരണമാകും എന്നും ഇത് കാൻസറിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്നും പഠനം റീപ്പോർട്ടിൽ വ്യക്തമാകുന്നു.