മഹാകുംഭമേളയിലെ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെ ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റി. അനിയന്ത്രിതമായ തിരക്ക് തുടർന്നുണ്ടായ അപകടത്തെ തുടർന്ന് അമൃത് സ്‌നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി വ്യക്തമാക്കി. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുതതുകയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദേശം നൽകി. രണ്ടാം അമൃത് സ്‌നാനത്തിന് ഒരു ദിവസം മുമ്പ് ഏകദേശം അഞ്ച് കോടി ജനങ്ങളാണ് പ്രയാഗ്‌രാജിൽ എത്തിയത്. വിശേഷ ദിവസമായതിനാൽ ഇവിടേക്ക് എത്തിച്ചേരുന്ന ആളുകളുടെ എണ്ണം 10 കോടിയായി ഉയരും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.