സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി കേന്ദ്രം ഉയർത്തി. ഇത് രാജ്യത്തെ പത്ത് ആശുപത്രികൾക്ക് മാത്രമുള്ള അപൂർവ നേട്ടമാണ്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുകയും സിഡിസിയിൽ ജനറ്റിക്സ് ലാബ് സജ്ജമാക്കുകയും ചെയ്തു. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗവും ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായി എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നു. വന്ധ്യതാ ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുകയാണ്. ആശുപത്രിയിൽ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ ഇരട്ടിയായി വർധിപ്പിച്ചു. ലക്ഷ്യ ലേബർ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം തുടങ്ങിയവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു. 2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലേബർ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങൾ മാത്രം നടത്താൻ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങൾക്കുള്ള സൗകര്യമുണ്ട്. അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകൾ ഉൾപ്പെടുന്ന ഇൻബോൺ നഴ്സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗൺസിലിംഗ് വിഭാഗം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് ഒ.പിയും അത്യാഹിത വിഭാഗവും നവീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.