മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ് താലൂക്കിലെ 12 ഗ്രാമങ്ങളിലുള്ളവരുടെ മുടികൊഴിച്ചിലിന് ശമനമായെങ്കിലും ആശങ്ക ഒഴിവായില്ല എന്ന് റിപ്പോർട്ട്

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ് താലൂക്കിലെ 12 ഗ്രാമങ്ങളിലുള്ളവരുടെ മുടികൊഴിച്ചിലിന് ശമനമായെങ്കിലും ആശങ്ക ഒഴിവായില്ല എന്ന് റിപ്പോർട്ട്. മുടികൊഴിച്ചിലിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. കഷണ്ടി വൈറസ് എന്നാണ് ഭീതിയോടെ നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. ഏകദേശം 190-ഓളം പേർക്കാണ് പെട്ടെന്ന് മുടി കൊഴിയാൻ തുടങ്ങിയത്. വെള്ളത്തിൽ അമിതമായ നൈട്രേറ്റിന്റെ അളവായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് തന്നെയാണ് മുടികൊഴിച്ചിലിന് കാരണമെന്നുറപ്പാക്കിയിട്ടില്ല. വെള്ളത്തിന്റെ സാംപിൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നീ സ്ഥാപനങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഭോപാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ എൻവയൺമെന്റൽ ഹെൽത്ത് ലബോറട്ടറിയിലും ഡൽഹിയിലെ എയിംസ് ലബോറട്ടറിയിലുമായിരിക്കും സാംപിൾ പരിശോധിക്കുക എന്നാണ് വിവരം.