മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ 32 വയസ്സുകാരിയിൽ ഗര്‍ഭസ്ഥശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്ന അത്യപൂര്‍വ അവസ്ഥയാണിത്. ജില്ലാ വനിതാ ആശുപത്രിയില്‍ ഗര്‍ഭത്തിന്റെ 35-ാം ആഴ്ചയില്‍ പതിവുപരിശോധനയ്ക്കായി എത്തിയതാണ് യുവതി. പരിശോധനയില്‍ ശിശുവിന് ചില പ്രത്യേകതകള്‍ കണ്ടെത്തുകയും തുടര്‍ന്ന് റേഡിയോളജിസ്റ്റ് ഡോ. ശ്രുതി തോറാട്ടിന്റെകൂടി പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തുതന്നെ അഞ്ചുലക്ഷത്തില്‍ ഒരാളില്‍മാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നും ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍. പ്രസാദ് ചൂണ്ടിക്കാട്ടി. ലോകത്താകെ ഇതുവരെ 200 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതും പ്രസവശേഷമാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ 15 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുരക്ഷിതമായ പ്രസവത്തിനായി കൂടുതല്‍ സൗകര്യങ്ങളുള്ള ഛത്രപതി സംഭാജി നഗറിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ത്രീയെ മാറ്റിയതായാണ് വിവരം.