ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ച ഉപയോഗം വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ച ഉപയോഗം വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. സൊസൈറ്റീസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ‘എഐ ടൂൾസ് ഇൻ സൊസൈറ്റി: ഇംപാക്ട്‌സ് ഓൺ കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ് ആന്റ് ദി ഫ്യൂച്ചർ ഓഫ് ക്രിട്ടിക്കൽ തിങ്കിങ് എന്ന പഠനത്തിലാണ് കണ്ടെത്തൽ. എസ്ബിഎസ് സ്വിസ് ബിസിനസ് സ്‌കൂളിലെ മൈക്കൽ ഗെർലിച്ച് ആണ് ഇത് എഴുതിയത്. യുകെയിൽ 17 വയസിന് മുകളിൽ പ്രായമുള്ളവരിൽ നടത്തിയ വിശകലനത്തിലാണ് കണ്ടെത്തൽ. എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമർശനാത്മക ചിന്താശേഷി കുറയുന്നു എന്ന് പഠനത്തിൽ കണ്ടെത്തി. വ്യക്തികൾ അവരുടെ കാര്യങ്ങൾ ഓർത്തെടുക്കുന്നതും പ്രശ്നപരിഹാരം കണ്ടെത്തുന്നതും സ്വയം ചെയ്യുന്നില്ല. പകരം എഐനെ ആശ്രയിക്കുന്നു ഇതിനെ ‘കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ്’ എന്നാണ് പറയുക. വിമർശനാത്മക ചിന്തയെ വിപരീത ദിശയിലാണ് കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ് സ്വാധീനിക്കുന്നതെന്ന് പഠനത്തിൽ വ്യക്തമാകുന്നു. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുറവാണ്. 17 മുതൽ 25 വയസ് വരെ പ്രായമുള്ളവർ, 26 മുതൽ 45 വയസുവരെയുള്ളവർ, 46 വയസും അതിന് മുകളിലും പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പഠനത്തിന്റെ ഭാഗമായവരെ വേർതിരിച്ചത്. എഐ ടൂൾ ഉപയോഗം, കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ് താൽപര്യം, വിമർശനാത്മക ചിന്താശേഷി തുടങ്ങിയവ അളക്കുന്ന പ്രശ്‌നാവലിയാണ് ഇവർക്ക് നൽകിയത്. ചിലയാളുകളുമായി നേരിട്ട് അഭിമുഖം നടത്തുകയും ചെയ്തു.