പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് ഇന്നലെ ഉച്ചയോടെ ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ കോർപറേഷനിലെ ക്ലാർക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന ഞായറാഴ്ച അർധരാത്രി 12.30നു മരിച്ചിരുന്നു. ഇരുവരും തൃശൂർ സെന്റ് ക്ലെയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളാണ്. ഇവർക്കൊപ്പം വെള്ളത്തിൽ വീണ മറ്റു രണ്ടു വിദ്യാർഥിനികളിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പള്ളി പെരുന്നാളാഘോഷത്തിൽ പങ്കെടുക്കാനായി പീച്ചിയിൽ തെക്കേക്കുളം പുളിയൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകളും ഇവരുടെ സഹപാഠിയുമായ ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു ആൻ ഗ്രേസും, അലീനയും, എറിനും. ഉച്ചയ്ക്കുശേഷം ജലസംഭരണി കാണാൻ പോയ ഇവർ പാറയിൽ നിന്നു കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹിമയുടെ സഹോദരി നിമയും പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിനും അപകടത്തിൽപ്പെട്ടു. ഇവർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.