പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ

പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചത്. പോളണ്ടിലെ മസോവിക്കി, വാമിന്‍സ്കോ മസോവിക്കി എന്നിവിടങ്ങളില്‍ വൈറസ് പടര്‍ന്നെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. സംസ്കരിച്ച ഇറച്ചി ഉള്‍പ്പെടെയുള്ള എല്ലാത്തരം കോഴിയിറച്ചിക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അംഗീകൃത മാര്‍ഗത്തില്‍ ശരിയായ ചൂടില്‍ സംസ്കരിച്ച കോഴിയിറച്ചി നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഗോള ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി തുടരുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.