റെട്രോളജി ഓഫ് ഫാലട്ട് വിത്ത് പൾമൊണറി അട്രീഷ്യ എന്ന ഗുരുതര ഹൃദ്രോഗവുമായി ജനിച്ച 935 ഗ്രാം ഭാരം മാത്രമുള്ള കുഞ്ഞിനു ഹൃദ്രോഗ ചികിത്സയിലുടെ പുതുജീവന്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സാരീതി സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും സൗജന്യമായാണ് നടത്തിയത്. കുഞ്ഞിന് ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പള്‍മണറി ആര്‍ട്ടറി ജന്മനാ തന്നെ ഇല്ലായിരുന്നു. അതുമൂലം ശരീരത്തിലെ രക്ത ശുദ്ധീകരണത്തിന് തടസം നേരിട്ടതിനാലാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്. അത് പരിഹരിക്കുന്നതിനായി അയോര്‍ട്ടയും ശ്വാസകോശവുമായി ബന്ധിപ്പിക്കുന്ന രക്തധമനി സ്റ്റെന്റ ഇട്ട് തുറന്നു കൊടുക്കുക എന്നതായിരുന്നു പ്രതിവിധി. എന്നാല്‍ ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞില്‍ ലോകത്തില്‍ ആരും തന്നെ ഈ ചികിത്സാരീതി വിജയകരമായി നടത്തിയിട്ടില്ല എന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. സ്റ്റെന്റ് ഇട്ടതിനു ശേഷം വൈകാതെ തന്നെ കുഞ്ഞിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണ നിലയിലായി. ലിസി ആശുപത്രിയിലെ പീഡിയാട്രിക്ക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്.ആര്‍. അനിലിന്റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ കുഞ്ഞ് വീട്ടിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.