എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ, പെരിങ്ങഴ, കുറുപ്ര പ്രദേശങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തത്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ മിക്കവരും ആശുപത്രിയിലെത്തിയത്‌. അതേസമയം കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കിണറിൽ നിന്നുള്ള വെള്ളമാണ് പ്രഭവകേന്ദ്രമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തൽ. കളമശ്ശേരിയിലെ 10,12,13 വാർഡുകളിലാണ് രോഗവ്യാപനം. ഈ വാർഡുകളിൽ ക്യാമ്പ് നടത്തുമെന്നും ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.