കീമോതെറാപ്പിക്ക് ശേഷം സ്തനാര്‍ബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമര്‍ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിന് പുതിയ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടര്‍മാര്‍. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരാണ് കണ്ടെത്തലിന് പിന്നില്‍. ക്ലിപ് ആന്‍ഡ് ബ്ലൂ പ്ലേസ്മെന്റ് എന്ന ഈ പുതിയ ചികിത്സാ രീതിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ അംഗീകാരം ലഭിച്ചു. സ്തനാര്‍ബുദ സംരക്ഷണ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവില്‍ ചെയ്യാമെന്നതാണ് പുതിയ കണ്ടെത്തലിന്റെ നേട്ടം. സ്തനാര്‍ബുദം സ്ഥിരീകരിച്ച ചില രോഗികളില്‍ ശസ്ത്രക്രിയക്ക് മുമ്പായി കീമോതെറാപ്പി നല്‍കേണ്ടി വരും. ഇവരില്‍ കീമോതെറാപ്പിക്ക് മുന്‍പ് തന്നെ ട്യൂമറിനുളളില് ക്ലിപ് ഇടുന്നു. കീമോതെറാപ്പി കഴിയുമ്പോള്‍ ട്യൂമര്‍ ചുരുങ്ങി അവശേഷിക്കുന്ന ഭാഗം ക്ലിപ്പിനോട് ചേരും. പിന്നീട് ശസ്ത്രക്രിയ സമയത്ത് അള്‍ട്രാ സൗണ്ടിന്റെ സഹായത്തോടെ നീല നിറത്തിലുളള മെഥലിന്‍ ക്ലിപ്പിന്റെ ചുറ്റും കുത്തി വെയ്ക്കുന്നു.ഇത് അവശേഷിക്കുന്ന ഭാഗം വ്യക്തമായി സങ്കീര്‍ണതകളില്ലാതെ നീക്കുവാന്‍ സര്‍ജനെ സഹായിക്കുന്നു. മില്ലിമീറ്റര്‍ വലുപ്പത്തിലേക്ക് ട്യൂമര്‍ ചുരുങ്ങുന്നതിനാല്‍ സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടാതെ തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു. കുറഞ്ഞ ചിലവില്‍ സ്തനം സംരക്ഷിച്ച് അര്‍ബുദത്തെ നേരിടാനാകുമെന്നത് രോഗികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തലിന് നേതൃത്വം നല്കിയ ഡോ. സുബി ടി.എസ്, ഡോ. ആനന്ദ് എബിന് എന്നിവര്‍ വ്യതമാക്കി. ഓങ്കോളജി സര്ജന്മാരായ ഡോ. സുബി ടി.എസ്, ഡോ. ആനന്ദ് എബിന്, റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ എന്നിവരുടെ നേതൃത്വതിത്തിലാണ് പുതിയ കണ്ടെത്തല്‍. കൂടാതെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ചു സിറിയക്, ഡോ.അരുണ്‍ ഫിലിപ്പ്, ഡോ. അശ്വിന് ജോയ്, പത്തോളജി വിഭാഗം മേധാവി ഡോ. ലത എബ്രാഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.