നോൺക്ലിനിക്കൽ, പ്രീ, പാരാക്ലിനിക്കൽ വിഷയങ്ങളോട് വിദ്യാർഥികൾക്ക് ആകർഷണം കുറയുന്നതായി റിപ്പോർട്ട്. ഇക്കൊല്ലത്തെ ആദ്യ അലോട്‌മെന്റ് കഴിഞ്ഞെങ്കിലും മിക്ക കോളേജുകളിലും ഒരാൾപോലും ഇത്തരം കോഴ്‌സുകൾക്ക് ചേർന്നിട്ടില്ല എന്ന് മാധ്യമ റിപോർട്ടുകൾ പറയുന്നു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പതോളജി, മൈക്രോബയോളജി, ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ തുടങ്ങിയ വിഷയങ്ങളിലെ പഠനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ വിഷയങ്ങളിലെ എം.ഡി., എം.എസ്. കോഴ്‌സുകളിലേക്ക് വിദ്യാർഥികളെയും അധ്യാപകരെയും കിട്ടാത്ത സ്ഥിതിയാണ്. ആവശ്യക്കാരേറെയുള്ള ക്ലിനിക്കൽ വിഷയങ്ങളിൽ പി.ജി. പഠനത്തിന് അവസരവുമില്ല. ചില വിഷയങ്ങളിൽ ട്യൂട്ടർമാരായി 15 ശതമാനംവരെ, എം.എസ്‌സി. യോഗ്യതയുള്ളവരെ നിയമിക്കാമെങ്കിലും അതിന് നാഷണൽ മെഡിക്കൽ കമ്മിഷൻ എതിരാണ് എന്നും റിപ്പോർട്ട് പറയുന്നു.