മരുന്നുകളെ പ്രതിരോധിക്കുന്ന ന്യുമോണിയക്കെതിരേ ആന്റിബയോട്ടിക്ക് വികസിപ്പിച്ച് ഇന്ത്യ

മരുന്നുകളെ പ്രതിരോധിക്കുന്ന ന്യുമോണിയക്കെതിരേ ആന്റിബയോട്ടിക്ക് വികസിപ്പിച്ച് ഇന്ത്യ. ന്യുമോണിയ ബാധിച്ച കുട്ടികൾക്കും, മുതിർന്നവർക്കും ഫലപ്രദമായ നാഫിത്രോമൈസിൻ എന്ന മരുന്നാണ് വികസിപ്പിച്ചത്. മുപ്പതുവർഷത്തിനുശേഷമാണ് ഇത്തരമൊരു ഗവേഷണഫലമുണ്ടായത് എന്ന് ഗവേഷകർ സൂചിപ്പിച്ചു. മിഖ്‌നാഫ്’ എന്നപേരിലായിരിക്കും മരുന്ന് വിപണിയിലിറങ്ങുക. മുംബൈ ആസ്ഥാനമായുള്ള വോക്കാർട്ടാണ് മരുന്ന് തദ്ദേശീയമായി വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലെ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ പിന്തുണയോടെയായിരുന്നു ഗവേഷണം. സാധാരണ ആന്റിബയോട്ടിക്കുകൾക്ക് അഞ്ചുദിവസമാണ് കോഴ്‌സ് എന്നാൽ നാഫിത്രോമൈസിൻ മൂന്നുദിവസം കഴിച്ചാൽമതി. ദിവസം കുറവാണെന്നതും പുതിയ മരുന്നിന്റെ നേട്ടമാണ്.
ഈ മരുന്നിനു അസിത്രോമൈസിൻപോലെയുള്ള മരുന്നുകളെക്കാൾ പത്തുമടങ്ങ് ഫലപ്രദമാണെന്നും കാര്യമായ പാർശ്വഫലമില്ലെന്നും പറയുന്നു. ഡ്രഗ് റെസിസ്റ്റന്റ് ന്യൂമോണിയ മൂലം ലോകത്താകമാനം 20 ലക്ഷം ജീവൻ നഷ്ടപ്പെടുന്നതായാണ് കണക്കുകൾ. മൊത്തംരോഗികളിൽ 23 ശതമാനവും ഇന്ത്യയിലാണ്.