തിരുവനന്തപുരം ചെങ്കല്‍ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിഡിഇ എന്നിവരോടു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയമകളായ 12 കാരി നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ മുള്ളു കുത്തിയതു പോലെ വേദന വന്നു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. തിരു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, ചുരുട്ട എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. സ്‌കൂളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.