കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍ 595, 2022-23ല്‍ 527, 2023-24ല്‍ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കൊവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്. ബെല്ലാരി ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് അഞ്ച് അമ്മമാര്‍ മരിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി അതിരൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.