ജമ്മു കശ്മീരിനെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം പടരുന്നതായി റിപ്പോർട്ട്

ജമ്മു കശ്മീരിനെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം പടരുന്നതായി റിപ്പോർട്ട്. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച 12 വയസ്സുകാരന്‍ അഷ്ഫാഖ് അഹമ്മദ് കൂടി മരണത്തിന് കീഴടങ്ങിയതോടെ രോഗത്തെയും അതിന്റെ കാരണത്തെയും കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധസംഘത്തിന് രൂപംനല്‍കി. പരിശോധനകള്‍ക്കായി ബയോസേഫ്റ്റി ലെവല്‍-3 മൊബൈല്‍ ലാബോറട്ടറി രജോരിയിലേക്ക് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ Press Trust Of India റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, പി.ജി.ഐ. ചണ്ഡീഗഢ്, നാഷണല്‍ സെന്റര്‍ ഫോര്‍ വൈറോളജി എന്നിവര്‍ പ്രദേശത്ത് കാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം.