സംസ്ഥാനത്ത് പാരസെറ്റമോള്‍ ഗുളികളുടെ വിതരണം മരവിപ്പിച്ചതായി മാധ്യമ റിപ്പോർട്ട്. നിലവാരമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. കേരള മെഡിക്കല്‍ സര്‍വീസസ് മുഖേന സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കാനിരുന്ന ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചത്. പാരസെറ്റാമോളിന് പുറമെ പാന്റപ്രാസോള് ഗുളികകളുടെ വിതരണവും മരവിപ്പിച്ചിട്ടുണ്ട്. പാരസെറ്റാമോളിന്റെ പത്ത് ബാച്ചുകളും പാന്റപ്രാസോളിന്റെ മൂന്ന് ബാച്ചുകളുമാണ് മരവിപ്പിച്ചത്. ഒരു ബാച്ചില്‍ അഞ്ച് ലക്ഷം ഗുളികകളാണ് ഉണ്ടാകുക. ഇതിന്റെ അടിസ്ഥാനത്തിലാണ് 65 ലക്ഷം ഗുളികകളുടെ വിതരണം മരവിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നത്. പരാതിയെ തുടര്‍ന്ന് ഓരോ ബാച്ചിലേയും ഗുളികകള്‍ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്സ് ആന്റ് കണ്ട്രോള് ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനായി എത്തിച്ച ഗുളികള്‍ അതാത് സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവാര പരിശോധന പൂര്‍ത്തിയായതിന് ശേഷം ഗുളികളുടെ വിതരണം പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കവര്‍ പൊട്ടിക്കുമ്പോള്‍ ഗുളികള്‍ പൊടിഞ്ഞ നിലയിലും പൂപ്പല്‍ ബാധിച്ചതായും കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്.