ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍ ആണ്

ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍ ആണ്. ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ അത്യാന്താപേക്ഷിതമായ കാര്യങ്ങളിലൊന്നാണ് കൃത്യമായ ഭക്ഷണ രീതി. പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുത് അത് വലിയ അപകടമാണ് എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞിട്ടുള്ളത്. അതൊരു വാസ്തവം തന്നെയാണ്. എന്നാല്‍ മിക്കവരും ഒഴിവാക്കുന്നതും സമയക്രമം പാലിക്കാത്തതുമായ ഒന്നാണ് ഉച്ച ഭക്ഷണം. പ്രഭാത ഭക്ഷണം നന്നായി കഴിച്ചിട്ടുണ്ടല്ലോ ഇനിയിപ്പോ ഉച്ചയ്ക്ക് ഒന്നും കഴിക്കേണ്ടതില്ലെന്ന് കരുതുന്നവരാണ് ശ്രദ്ധിക്കേണ്ടത്. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. അത് എങ്ങനെയാണെന്നല്ലേ…

ഉച്ചഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നത് അമിത ഭാരക്കുറവിനോ പൊണ്ണത്തടിക്കോ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ പിന്നെ ഏറെ പ്രയാസമാണെന്ന് മാത്രമല്ല, ഇത് കാരണം നിരവധി അസുഖങ്ങളും ഉണ്ടാകും. ഇതുസംബന്ധിച്ചുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട് ന്യൂട്രിയന്റസ് ജോണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്, ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. ഇത് ജോലിയില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രയാസമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തലച്ചോറില്‍ എത്തുന്ന പോഷകങ്ങളുടെ അഭാവത്തിന് കാരണമാകുന്നു. ഇത് ഉത്കണ്ഠ അടക്കമുള്ള മാനസിക പ്രശ്നങ്ങളിലേയ്ക്കും നയിക്കും.

ഇത്തരത്തില്‍ ഏതെങ്കിലും നേരത്തെ ഭക്ഷണം നാം ഒഴിവാക്കുമ്പോള്‍ അടുത്തനേരം അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഉണ്ടാകുന്നു. ഇതിലൂടെ വളരെ വലിയ അളവ് കലോറി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് ശരീര ഭാരം വര്‍ധിക്കാനും ഇടയാക്കും. ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കേണ്ട വിറ്റാമിനുകളും ധാതുക്കളും ഭക്ഷണം ഒഴിവാക്കുന്നതിലൂടെ നഷ്ടമാകും. ഇത് വിളര്‍ച്ചയിലേക്കും ഒപ്പം ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുന്നതിനും കാരണമാകും. ഭക്ഷണക്രമം പാലിച്ചില്ലെങ്കില്‍ അത് രോഗ പ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തും. ഇതിലൂടെ അണുബാധ അടക്കമുള്ള വിവിധ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല വയറുവേദന, അസിഡിറ്റി, മലബന്ധം, വയറിളക്കം എന്നിവയും ഭക്ഷണം സ്ഥിരമായി ഒഴിവാക്കുമ്പോള്‍ ഉണ്ടാകാനിടയുണ്ട്. ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തിന്റെ ദഹന പ്രക്രിയ തകരാറിലാകും. പതിവായി ഭക്ഷണം കഴിക്കാത്തത് മലവിസര്‍ജനത്തെ ബാധിക്കുന്നു. ദഹന പ്രക്രിയ മന്ദഗതിയിൽ ആകുന്നതാണ് ഇതിന് കാരണം. ഇത് പിന്നീട് കടുത്ത മലബന്ധത്തിന് കാരണമായേക്കാം.

ഭാരം കുറയ്ക്കാനോ, കൊളസ്‌ട്രോളിനെ നേരിടാനോ ഒക്കെയായി ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നവര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇതുവരെ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ മാറി ചിന്തിക്കാന്‍ മടിക്കേണ്ടതില്ല. കഴിവതും വേഗം ഒരു ഡയറ്റീഷന്റെ സേവനവും തേടുക.