സിനിമയില്‍ വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ സീനുകള്‍ വരുമ്പോള്‍ നിങ്ങള്‍ കരയാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ

സിനിമയില്‍ വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ സീനുകള്‍ വരുമ്പോള്‍ നിങ്ങള്‍ കരയാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ. ഇത്തരക്കാര്‍ അകാലത്തില്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റുള്ളവരോട് ‘നോ’ പറയാന്‍ കഴിയാതെ വരുന്നവര്‍, സാധാരണ സാഹചര്യങ്ങള്‍ മറികടക്കാന്‍ പ്രയാസം നേരിടുന്നവര്‍ എന്നിവരൊക്കെ അകാലത്തില്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നിരന്തരമായി ഏകാന്തത അനുഭവിക്കുന്നവരിലും അകാലത്തില്‍ മരണപ്പെടാനുള്ള സാധ്യത പത്തു ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. പുരുഷന്മാര്‍, 54 വയസ്സിന് താഴെ പ്രായമുള്ള യുവാക്കള്‍, കോളേജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവര്‍ എന്നിവരും അകാലത്തില്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. യുകെ ബയോബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം ആളുകളുടെ വിവരങ്ങള്‍ ആധാരമാക്കിയാണ് പഠനം നടത്തിയത്. ഏകദേശം 17 വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചു.

ന്യൂറോട്ടിസിസം എന്നാണ് ഈ അവസ്ഥയെ വൈദ്യ ശാസ്ത്ര ലോകം വിളിക്കുന്നത്. നെഗറ്റീവ് ചിന്താഗതികള്‍ എപ്പോഴും വെച്ചുപുലര്‍ത്തുന്ന ഒരു വ്യക്തി സ്വഭാവമാണ് ന്യൂറോട്ടിസിസം. ‘മറ്റ് ഘടകങ്ങളെ അപേക്ഷിച്ച് ന്യൂറോട്ടിസസിലെ ഏകാന്തതയാണ് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്നത്, എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ഉത്കണ്ഠയും കുറ്റബോധവും തോന്നുന്നവരേക്കാള്‍ ഏകാന്തത അനുഭവിക്കുന്നവര്‍ പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ന്യൂറോട്ടിസിസത്തില്‍ ദേഷ്യം, ഭയം, ദുഃഖം തുടങ്ങിയ സ്വഭാവ സവിശേഷകള്‍ ഉള്‍പ്പെടുമെങ്കിലും ഏകാന്തതയാണ് അകാലമരണം സംഭവിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഘടകം. ഏകാന്തത അനുഭവിക്കുന്നവര്‍ സ്വയം ഇല്ലാതാക്കുന്ന സ്വഭാവം കാണിക്കുമെന്നും ശ്വാസകോശ, ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളിലേക്ക് അത് അവരെ നയിക്കുമെന്നും പറയപ്പെടുന്നു.

പഠനകാലയളവില്‍ മരിച്ച 43,000 പേരില്‍ 291 പേര്‍ മനഃപൂര്‍വം സ്വയം പരിക്കേല്‍പ്പിച്ചാണ് മരിച്ചത്. ഈ വ്യക്തികള്‍ക്ക് മാനസിക സമ്മര്‍ദം, കുറ്റബോധം, മൂഡ് സ്വിങ്സ് എന്നിവ തീവ്രമായി അനുഭവപ്പെട്ടിരുന്നതായും പഠനത്തില്‍ കണ്ടെത്തി. ശ്വാസകോശ, ദഹന സംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചവരില്‍ മടുപ്പും, ദേഷ്യവും കൂടുതലായി കാണപ്പെട്ടിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. നിരന്തരമായി നിഷേധാത്മക വികാരങ്ങള്‍ കാണിക്കുന്നവരില്‍ ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ധിക്കുമെന്നും പഠനകാലയളവിലുടനീളം ഏകാന്തത അനുഭവിച്ചിരുന്നവര്‍ പെട്ടെന്ന് മരണപ്പെട്ടതായും പഠനം കണ്ടെത്തി. യുഎസ് സര്‍ജന്‍ ജനറലിലെ 2023ലെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റപ്പെടല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരക്കാരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത 29 ശതമാനമാണ്.

കൂടാതെ സ്ട്രോക്ക് വരാനുള്ള സാധ്യത 32 ശതമാനവും പ്രായമായവരില്‍ ഡിമെന്‍ഷ്യക്കുള്ള സാധ്യത 50 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നത് പോലെ ആരോഗ്യത്തിന് ഹാനികരമാണ് ഏകാന്തത. സ്ട്രോക്ക്, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ക്കൊപ്പം അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോളജിക്കല്‍ അവസ്ഥകളുമായും ന്യൂറോട്ടിസിസം ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ നിങ്ങളോ, നിങ്ങളുടെ സുഹൃത്തുക്കളോ ഇത്തരം സ്വഭാവക്കാരാണെങ്കില്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു.