മനുഷ്യരിലെ കാൻസർ ചികിത്സയെ കുറിച്ച് നമുക്ക് പരിചിതമാണ് എന്നാൽ ഇരുതലമൂരി പാമ്പിന് കാൻസർ ചികിത്സ നൽകുന്നതിനെ സംബന്ധിച്ച ഒരു കൗതുകമുണർത്തുന്ന വാർത്തയാണിപ്പോൾ കേരള തലസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്. റെഡ് സാൻഡ് ബോവ ഇനത്തിൽപെടുന്ന ഇരുതലമൂരിക്ക് വായിൽ മാസ്‌ററ് സെൽ ട്യൂമർ എന്ന കാൻസർ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് നൽകിയ അപൂർവ ചികിത്സ ഫലം കണ്ട് തുടങ്ങിയാതായി റിപ്പോർട്ട്. തീറ്റ എടുക്കാതെ അവശനിലയിൽ കണ്ടെത്തിയ ഇരുതലമൂരി പാമ്പിനെ കഴിഞ്ഞ ഒക്ടോബർ പത്താം തീയതിയാണ് വനം വകുപ്പ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഉദ്ദേശം നാല് വയസ്സ് പ്രായമുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. ദ്രവ ഭക്ഷണം നൽകുന്നതിനായി വായിലൂടെ ട്യൂബ് ഇടുന്നതിനിടയിലാണ് വായിൽ അസാധാരണമായ വളർച്ച കണ്ടെത്തിയത്. തുടർന്ന് മൃഗശാല വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടത്തിയ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്‌സി പരിശോധനകളിൽ മാസ്‌ററ് സെൽ ട്യൂമർ എന്ന അപൂർവ കാൻസർ രോഗബാധയാണ് ഇരുതലമൂരിയെ ബാധിച്ചത് എന്ന് കണ്ടെത്തി. ഇതിനുമുൻപ് ഇത്തരത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൂന്ന് കേസുകളിൽ ഒന്ന് പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചിട്ടില്ല എന്ന് മുംബൈയിലെ ‘ദി കാൻസർ വെറ്റ്’ വെറ്ററിനറി കാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്‌റ് ഡോ. നൂപുർ ദേശായിയുമായി നടത്തിയ ചർച്ചയിൽ കണ്ടെത്തിയിരുന്നു. സൈക്ലൊഫോസ്ഫമൈഡ് എന്ന ക്യാൻസർ കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ ആയി നൽകിയുള്ള ചികിത്സയാണ് നിലവിൽ നടന്നു വരുന്നത്. ഇതിനു പുറമെ വായിലൂടെ ട്യൂബ് ഇട്ട് ദ്രവീകൃത ഭക്ഷണവും താപനില ക്രമീകരിക്കാൻ ഇൻഫ്രാ റെഡ് ലൈറ്റും നൽകി ചികിത്സ ആരംഭിച്ചു. മൂന്നാഴ്ചത്തെ ചികിത്സകൊണ്ട് തന്നെ കാര്യമായ പുരോഗതി കൈവരിക്കാനായത് ആശാവഹമായ നേട്ടം ആണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. നികേഷ് കിരൺ വ്യക്തമാക്കി. രോഗം പൂർണമായും ഭേദമാക്കാനായാൽ അത് മൃഗങ്ങളിലെ മാസ്‌ററ് സെൽ കാൻസർ ചികിത്സയിൽ പുതിയ സാധ്യതയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.