കോഴിക്കോടും മലപ്പുറത്തും മഞ്ഞപ്പിത്ത രോഗികള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഞെട്ടിച്ച് ഹെപ്പറ്റൈറ്റിസ് എ വൈറസിനെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്

കോഴിക്കോടും മലപ്പുറത്തും മഞ്ഞപ്പിത്ത രോഗികള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഞെട്ടിച്ച് ഹെപ്പറ്റൈറ്റിസ് എ വൈറസിനെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്. വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടില്ലെന്നാണ് പുനെയിലെ ദേശിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പ്രാഥമിക പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് അയച്ച സാമ്പിളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ രോഗ പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയോ എന്ന സംശയവും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഈ വര്‍ഷംം 6494 പേര്‍ ഇതുവരെ രോഗ ബാധിതരായിട്ടുണ്ട്. 64 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ വര്‍ഷം 17830 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മഞ്ഞപ്പിത്ത ബാധ മൂലമുള്ള മരണനിരക്കിലുള്ള വര്‍ധനവും, ചെറുപ്പക്കാരിലെ മരണ നിരക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മാലിന്യം കലര്‍ന്ന കുടിവെള്ളവും ശുചിത്വമില്ലാത്ത സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിലെ വര്‍ധനവുമെല്ലാം രോഗ വ്യാപനത്തിന്റെ കാരണമായി വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.