ജനനേന്ദ്രിയത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യേക തരം ഫംഗസ് രോഗം യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. നേരത്തേ അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്ത രോഗബാധ ഇപ്പോൾ ഇംഗ്ലണ്ടിലും റിപ്പോർട്ട് ചെയ്യിതു. ട്രൈക്കോഫൈറ്റൺ മെന്റഗ്രോഫൈറ്റ്‌സ് ടൈപ്പ് 7 എന്നറിയപ്പെടുന്ന ഈ അപൂർവയിനം അണുബാധ തെക്കുകിഴക്കൻ ഏഷ്യയിലും യൂറോപ്പിലും മുമ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഫ്രാൻസിൽ ഇത്തരം 13 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ രോഗബാധയുടെ ഫലമായി ജനനേന്ദ്രിയത്തിലും തുടയിലും നിതംബത്തിലും വേദനയും തടിപ്പും രോഗികളിൽ കാണപ്പെടുന്നു. ബ്രിട്ടനിൽ ഇതിനോടകം ഫംഗസ് രോഗം പടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിപ്പ് നൽകുന്നു. പലരിലും ഇത്തരം രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും രോഗികളെ പരിശോധിച്ച ലാബുകളിൽ നിന്ന് ഫലം പുറത്തു വരാൻ ഇനിയും മൂന്നാഴ്ച എങ്കിലും വേണ്ടി വരും എന്ന് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധർ ആശങ്ക പങ്കുവച്ചു.