ഹൃദയാഘാതം ഒരു നിശ്ചിത പ്രായത്തിലുള്ള ആളുകളെ മാത്രം ബാധിക്കുകയുള്ളൂ എന്നത് പൊതുവായ തെറ്റിദ്ധാരണ ആണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ റാസൽഖൈമയിൽ നിന്നും പുറത്തുവരുന്നത്. റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത് വയസ്സുകാരനാണു ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഫുട്ബോൾ കളിക്ക് ശേഷം വീട്ടിൽ എത്തിയ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ കരീമിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് വ്യക്തമായത്. കുട്ടികൾക്ക് വളരെ അപൂർവമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടർമാർ വ്യക്തമാക്കി. പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപോർട്ട് മാർഗനിർദ്ദേശങ്ങൾ പാലിച്ചും, മണിക്കൂകൾ നീണ്ട അശ്രാന്ത പരിശ്രമത്തിലൂടെയുമാണ് കരീമിന്റെ ജീവൻ രക്ഷിച്ചതെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്കൂളിൽ പോയിത്തുടങ്ങിയെന്നും കരീമിൻ്റെ പിതാവ് ഫാദി മുഹമ്മദ് വ്യക്തമാക്കി. പിതാവ് പ്രാഥമികശുശ്രൂഷ നൽകിയത് ഗുണകരമായെന്നും ഇല്ലെങ്കിൽ കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും കരീമിനെ ചികിത്സിച്ച ഡോ അതീഖ് വ്യക്തമാക്കി.