മൂന്നാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് നടത്തിയ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. കരൾ രോഗം മൂലം കാൻസർ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകൻ, മിഥുനാണ് കരൾ പകുത്ത് നൽകിയത്. കഴിഞ്ഞ മാസം 25-നാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10 മണിയോട് കൂടിയാണ് പൂർത്തിയാക്കിയത്.