മനുഷ്യജീവൻ വച്ച് കളിക്കുന്ന വ്യാജ ഡോക്ടർമാർക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് വടിയെടുക്കേണ്ട സ്ഥിതിയായെന്നു തുറന്നു കാട്ടുന്ന വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി. ആശുപത്രിയിൽ ആർ എം ഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കാണ് പിടിയിലായത്. ഇയാൾ എം ബി ബി എസ് പൂർത്തിയാക്കിയില്ല എന്നാണ് വിവരം. ഇയാളെ ഫറോക്ക് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേ സമയം വ്യാജ രജിസ്റ്റർ നമ്പർ നൽകിയാണ് അബു എബ്രഹാം ലൂക്ക് ജോലി തേടിയത് എന്ന പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടയുടൻ ഇയാളെ പുറത്താക്കിയതായും ടി എം എച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജ രജിസ്റ്റർ നമ്പർ നൽകി കബളിപ്പിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. പൂച്ചേരിക്കടവ് സ്വദേസി വിനോദ് കുമാറാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23 നാണ് മരിച്ചത്. ആശുപത്രിയിലെ ആർ എം ഒ അബു എബ്രഹാം ലൂക്ക് ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അബു എബ്രഹാം രക്ത പരിശോധനയും ഇ സി ജിയും നിർദ്ദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ് കുമാർ മരിക്കുകയായിരുന്നു. സംശയത്തെ തുടർന്ന് വിനോദ് കുമാറിന്റെ മകനും പി ജി ഡോക്ടറുമായ പി അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷത്തോളമായി ആശുപത്രിയിൽ ആർ എം ഒ ആയി പ്രവർത്തിച്ച ഇയാൾ എം ബി ബി എസ് പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ഇയാൾക്ക് എം ബി ബി എസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.