റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം

ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍പ്പെട്ട് ഗുരുതര പരിക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് ആശയത്തിന് പിന്നില്‍.

രാജ്യത്ത് റോഡ് അപകട മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെയുള്ള ‘ഗോള്‍ഡന്‍ അവര്‍’ ആണ് പരിക്കേറ്റയാളുടെ ജീവന്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിര്‍ണ്ണായക കാലയളവ്. ഈ സമയ ദൈര്‍ഘ്യത്തിനുള്ളില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് അപകടസ്ഥലത്ത് ഉള്ളവര്‍ക്ക് പ്രചോദനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരേ അപകടത്തില്‍പ്പെട്ട എത്രപേരെ ആശുപത്രിയില്‍ എത്തിച്ചാലും പാരിതോഷികം 5000 രൂപതന്നെ ആയിരിക്കും.

ഒക്‌ടോബര്‍ 15 മുതല്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 2026വരെ പദ്ധതി തുടരും. രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരിക്കുന്നവരില്‍ 50 ശതമാനവും കൃത്യസമയത്ത് ചികിത്സ കിട്ടിയാല്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ സാധിക്കുന്നവരായിരുന്നു എന്നാണ് കണക്ക്.

LEAVE A REPLY