രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട്. ആകെ രോഗങ്ങളിൽ 56.4 ശതമാനത്തിനും കാരണം ഭക്ഷണ ക്രമമാണ്. അമിതഭാരം, പ്രമേഹം പോലുള്ള ശാരീരികാവസ്ഥകളെ പ്രതിരോധിക്കാനും പോഷകാഹാര ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് 17 ഭക്ഷണമാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും കൊണ്ട് കൊറോണറി ഹാർട്ട് ഡിസീസ് , ഹൈപ്പർടെൻഷൻ എന്നിവ കുറക്കാനാകും. ടൈപ് രണ്ട് പ്രമേഹം 80 ശതമാനം വരെ സന്തുലിത ഭക്ഷണക്രമത്തിലൂടെ പ്രതിരോധിക്കാമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. അഞ്ച് മുതൽ ഒമ്പത് വയസ്സിനിടയിലുള്ള 34 ശതമാനം കുട്ടികളിലും ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതലാണ്. ഭക്ഷണത്തിന്റെ 45 ശതമാനം ധാന്യങ്ങൾ, തിന എന്നിവയായിരിക്കണം. പയർ വർഗങ്ങൾ, ബീൻസ്, മാംസം എന്നിവ 15 ശതമാനം വേണം. വിവിധ പരിപ്പിനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പാൽ എന്നിവ ഉൾപ്പെടുത്തിയായിരിക്കണം ബാക്കി ഭക്ഷണക്രമം. മധുരവും കൊഴുപ്പും കൂടുതലടങ്ങിയ, വലിയ തോതിൽ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം വർധിക്കുന്നതും ശാരീരിക പ്രവർത്തനങ്ങളിലെ കുറവും ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കുറവും മൈക്രോന്യൂട്രിയന്റുകളുടെ അഭാവത്തിലേക്കും അമിതഭാരത്തിലേക്കും നയിക്കും. അതുകൊണ്ട് ഉപ്പിന്റെ അളവ് കുറക്കുക, എണ്ണയും കൊഴുപ്പും മിതമായ അളവിൽ ഉപയോഗിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, സംസ്കരിച്ച ഭക്ഷണങ്ങളുടെയും മധുരത്തിന്റെയും അളവ് ക്രമീകരിക്കുക തുടങ്ങിയ ഭക്ഷണമാർഗനിർദ്ദേശങ്ങൾ ഐ.സി.എം.ആർ പുറത്തിറക്കി.