വ്യാജ കാൻസർ മരുന്നുകളുടെയും, വിലകൂടിയ അർബുദമരുന്നുകളുടെ ദുരുപയോഗം തടയാൻ പുതിയ നടപടി

വ്യാജ കാൻസർ മരുന്നുകളുടെയും, വിലകൂടിയ അർബുദമരുന്നുകളുടെ ദുരുപയോഗം തടയാൻ പുതിയ നടപടി . രാജ്യത്ത് വിപണിയിലെത്തുന്ന എല്ലാ അർബുദ മരുന്നുകളെയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തുകയും, മരുന്നുകളുടെ ലേബലിനൊപ്പം ക്യൂ.ആർ. കോഡ് നിർബന്ധമാക്കുകയും ചെയ്യും. ഇതുസംബന്ധിച്ച ശുപാർശ ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി കമ്മിറ്റി അംഗീകരിച്ചു. അർബുദമരുന്നുകളുടെ വിപണനരംഗത്ത് കാര്യമായ വെല്ലുവിളികൾ അടുത്തിടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ചില ശ്രമങ്ങൾ അധികൃതർ സ്വീകരിച്ചുവരുകയാണ്. ഇതിനിടെയാണ് ഇത്തരം മരുന്നുകളുടെ വ്യാജൻ പിടിയിലാകുന്നത്. ഉത്തരേന്ത്യയിൽ പല സ്ഥലത്തുനിന്നും വ്യാജമരുന്ന് പിടിയിലായതോടെയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പുതിയ നടപടി സ്വീകരിച്ചത്. ഉപയോഗിച്ചുകഴിഞ്ഞ കുത്തിവെപ്പ് മരുന്നുകളുടെ ബോട്ടിൽ ശേഖരിച്ചാണ് വ്യാജമരുന്നു നിർമിക്കുന്നത്. രോഗികൾക്ക് ധനനഷ്ടത്തിനു പുറമേ ജീവന് ഭീഷണിയാകുമെന്നതും കണക്കിലെടുത്താണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പുതിയ ഇടപെടൽ സ്വീകരികരിക്കുന്നത്. ലേബലിനൊപ്പം ക്യൂ.ആർ. കോഡോ ബാർ കോഡോ ആവശ്യമുള്ള 300 ഇനം മരുന്നുകളുടെ ഷെഡ്യൂൾ രണ്ട് പട്ടിക 2023 ഓഗസ്റ്റ് ഒന്നുമുതലാണ് നിലവിൽ വന്നത്. ഇത്തരം മരുന്നുകളുടെ പ്രധാന കവറിൽത്തന്നെ കോഡുകൾ പതിക്കണമെന്നാണ് പുതിയ വ്യവസ്ഥ.