പ്രമേഹ രോഗത്തിന്റെ അപകടകരമായ സങ്കീർണതകളിലൊന്നാണ് കാലിൽ ഉണ്ടാകുന്ന മുറിവുകൾ

പ്രമേഹ രോഗത്തിന്റെ അപകടകരമായ സങ്കീർണതകളിലൊന്നാണ് കാലിൽ ഉണ്ടാകുന്ന മുറിവുകൾ. ഇത് മൂലം പ്രമേഹ രോഗികൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. എന്നാൽ പ്രമേഹരോഗികളിലെ ഇത്തരം മുറിവുണക്കാൻ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കേരള സർവകലാശാലയിലെ വിദ്യാർഥിനി ഫാത്തിമ റുമൈസ. പ്രമേഹരോഗികളിൽ ഉണ്ടാവുന്ന മുറിവുകൾ വേഗത്തിലുണങ്ങാനും തുടർന്നുണ്ടാവുന്ന പാടുകൾ ഇല്ലാതാക്കാനും ശേഷിയുള്ള ഹൈഡ്രോജെൽ ഡ്രസിങ്ങാണ് റുമൈസ വികസിപ്പിച്ചത്. ബയോകെമിസ്ട്രി വിഭാഗത്തിനു കീഴിലുള്ള അഡ്വാൻസ് സെന്റർ ഫോർ ടിഷ്യു എൻജിനിയറിങ് ഗവേഷകയായ ഫാത്തിമ റുമൈസ നാലുവർഷത്തെ ഗവേഷണത്തിലൊടുവിലാണ് ഹൈഡ്രോജെൽ ഡ്രസിങ് സംവിധാനം പ്രൊഫസർ എസ്.മിനിയുടെ മാർഗനിർദേശത്തിൽ വികസിപ്പിച്ചത്. ഹൈഡ്രോജെൽ തുണിയിൽ പുരട്ടി, രോഗികളുടെ മുറിവുകളിൽ വെക്കും. 18 മുതൽ 21 ദിവസത്തിനുള്ളിൽ മുറിവുകളും അതിലുണ്ടാവുന്ന പാടുകളും ഇല്ലാതാവുമെന്ന് ഫാത്തിമ പറയുന്നു. മുറിവുകളിൽ അണുബാധയുടെ സാന്നിധ്യമുണ്ടെങ്കിൽ നീലനിറമായി മാറുന്നതും ഹൈഡ്രോജെലിന്റെ പ്രത്യേകതയാണ്. ഒരേസമയം ആന്റിഓക്‌സിഡന്റും ആന്റിമൈക്രോബിയലുമായതിനാൽ രോഗാണുക്കളെ ചെറുത്തുനിൽക്കാനുള്ള ശേഷി ഹൈഡ്രോജെലിനുണ്ട്. ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന ഫെറുലിക് ആസിഡ് സഹായിക്കും. നിലവിൽ എലികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഇത് വിജയിച്ചത്തോടെ മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ഹ്യൂമൻ എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയാലുടൻ പരീക്ഷണം തുടങ്ങുമെന്ന് ഫാത്തിമ കൂട്ടിച്ചേർത്തു. നിലവിൽ ബാക്റ്റിഗ്രാസ് ഡ്രസിങ് സംവിധാനമാണ് പ്രമേഹരോഗികളിൽ ഉപയോഗിക്കുന്നത്.