അമീബിക് മസ്തിഷ്‌കജ്വരത്തെ ചെറുക്കാൻ സംസ്ഥാനവും ആരോഗ്യവകുപ്പും വേണ്ട നടപടികൾ സ്വീകരിക്കുമ്പോഴും, കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള പത്തുവയസ്സുകാരനാണു പുതിയതായി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയിൽ തുടരുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒക്ടോബർ പത്തിനാണ് കുട്ടിയ്ക്ക് പനി ആരംഭിച്ചത്. അതിനുശേഷം രോഗം മൂർച്ഛിക്കുകയായിരുന്നു. കൊട്ടാരക്കരയിലെ ഒരു ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് പനി രൂക്ഷമായതോടെ എസ്.എ.ടി.ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.