കാൻസർ സ്ഥിരീകരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ നിന്നും എമിലി ലാഹേ എന്ന മുപ്പത്തിരണ്ടുകാരി. അപകടകാരിയായ എൻ.യു.ടി. കാർസിനോമയാണ് എമിലിയെ ബാധിച്ചത്. ഈ രോഗം സ്ഥിരീകരിച്ചാൽ ആറുമാസംമുതൽ ഒമ്പതുമാസത്തിനുള്ളിൽ മരണപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെയാണ് കാൻസർ ഗവേഷണത്തിനുവേണ്ടിയും രോഗം സംബന്ധിച്ച അവബോധം പകരാനും വ്യത്യസ്തമാർഗം സ്വീകരിക്കാൻ എമിലി തയ്യാറെടുത്ത്. ടൈം ടു ലിവ് എന്ന പേരിട്ടിരിക്കുന്ന കലാരൂപത്തിലൂടെ തന്റെ ഇനിയുള്ള സമയം ലേലം ചെയ്യിതുവെന്ന് എമിലി വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലി നയിച്ചിരുന്ന എമിലിക്ക് രോഗസ്ഥിരീകരണം വല്ലാത്ത ഞെട്ടലായിരുന്നു. തലവേദന, ഗുരുതരമായ സൈനസൈറ്റിസ്, കാഴ്ചസംബന്ധമായ തകരാറുകൾ തുടങ്ങിയവയായിരുന്നു എമിലിക്ക് പ്രാരംഭഘട്ടത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് എമിലിയുടെ തലയോട്ടിയിലും സൈനസുകളിലും ക്രിക്കറ്റ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമർ കണ്ടെത്തിയത്. ഇരുപത്തിയേഴാം വയസ്സിൽ രോഗം സ്ഥിരീകരിക്കുന്നതുവരെ ദിവസവും അഞ്ചുമുതൽ പത്തുകിലോമീറ്ററോളം ഓടിയിരുന്ന വ്യക്തിയാണ് താനെന്ന് എമിലി വ്യക്തമാക്കി . വ്യായാമത്തിലും മറ്റ് ആരോഗ്യ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതിരുന്നതുകൊണ്ട് ജീവിതത്തിലൊരിക്കലും തനിക്ക് കാൻസർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എമിലി കൂട്ടിച്ചേർത്തു.