എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡിയോ പങ്കുവെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്. ഹൃദയസ്തംഭനം മൂലമാണ് ആരോണിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത് നിർജലീകരണമാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് മേഗൻ ഭർത്താവിന്റെ എനർജി ഡ്രിങ്ക് ആസക്തിയേക്കുറിച്ച് പങ്കുവെച്ചത്. ഇതിനൊപ്പം ഭർത്താവിനു ധാരാളം കോഫി കുടിക്കുന്ന ശീലവുമുണ്ടായിരുന്നതായി മേഗൻ ചൂണ്ടിക്കാട്ടി. കഫീൻ അടങ്ങിയ പാനീയങ്ങളുടെ അമിതോപയോഗമാവാം ആരോണിന്റെ ഹൃദയാരോഗ്യം തകർത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി മേഗൻ പങ്കുവെച്ചു. കഫീനടങ്ങിയ പാനീയങ്ങൾ നിർജലീകരണം വർധിപ്പിക്കുമെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഡോക്ടർമാർ മേഗനോട് വ്യക്തമാക്കിയിരുന്നു.