പ്രായമായവരെ ബന്ധപ്പെട്ട ഡിമെൻഷ്യ എന്ന രോഗം വളരെ നേരത്തേ സ്ഥിരീകരിക്കുന്നതായി പഠനം

ഡിമെൻഷ്യ എന്ന രോഗം പലപ്പോഴും പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വളരെ നേരത്തേ ഡിമെൻഷ്യ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് പലപഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ ആഹാരരീതിയും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണക്രമത്തിൽ മീൻ ഉൾപ്പെടുത്തിയിട്ടുള്ളവരിൽ ഡിമെൻഷ്യ സാധ്യത കുറയുമെന്നാണ് പഠന റിപ്പോർട്ട്. എയ്ജിങ് ക്ലിനിക്കൽ& എക്സ്പിരിമെന്റൽ റിസർച്ച് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നുള്ള 8,49,000 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ആഹാരത്തിൽ മീൻ ഉപയോ​ഗിക്കുന്നവരിൽ ഡിമെൻഷ്യ സാധ്യത പതിനെട്ടുശതമാനത്തോളം കുറവായിരിക്കുമെന്ന് കണ്ടെത്തിയത്. മീനിലുള്ള ഒമേ​ഗ-ത്രീ ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ വൈജ്ഞാനിക പ്രവർത്തനങ്ങളേയും മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തേയും മെച്ചപ്പെടുത്തുമെന്നും. ശരീരത്തിലെ വീക്കം കുറയ്ക്കാനും മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം സു​ഗമമാക്കാനും മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ പരിപോഷിപ്പിക്കാനും ഒക്കെ ഈ പോഷകങ്ങൾ അത്യാവശ്യമാണെന്നും ഇതാണ് ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതെന്നും ​ഗവേഷകർ പറയുന്നു. അതേസമയം ഡിമെൻഷ്യക്ക് ജനിതകവും പാരിസ്ഥിതികവും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ കാരണമാകുന്നുണ്ടെന്നും, മീൻ ഉപഭോ​ഗം ഒരു പരിധിവരെ മാത്രമേ സഹായിക്കൂ എന്നും ​ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.