സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാക്കിയ എം.ബി.ബി.എസ് പാഠ്യപദ്ധതി വിവാദത്തിൽ. യുജി മെഡിക്കൽ വിദ്യാർഥികളുടെ ഫോറൻസിക് മെഡിക്കൽ പാഠ്യപദ്ധതി നാഷണൽ മെഡിക്കൽ കമ്മീഷൻ ആണ് പരിഷ്കരിച്ച്ത്. നേരത്തെ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്ത കന്യാചർമത്തിന്റെ പ്രധാന്യം, കന്യകാത്വത്തിന്റെ നിർവചനം, നിയമസാധുത തുടങ്ങിയവയും എൻഎംസി പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു 2022ൽ മാറ്റങ്ങൾ കൊണ്ടുവന്നത്. സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിചിത്രമായ ലൈംഗിക താൽപ്പര്യങ്ങളിൽ നിന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചും, കന്യകാത്വപരിശോധന അശാസ്ത്രീയവും മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്നും പാഠ്യപദ്ധതി വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തിലൂടെ ഇവയെല്ലാം തിരികെ കൊണ്ടുവന്നിരിക്കുകയാണ്. എൽജിബിടിക്യുഎ+ വിഭാഗത്തിന് വിദ്യാഭ്യാസം കൂടുതൽ സൗഹാർദപരമാകുന്നതിനുവേണ്ടി എൻഎംസി 2022ൽ ഉൾപ്പെടുത്തിയ ക്വീർ വ്യക്തികൾ തമ്മിൽ സമ്മതത്തോടെയുള്ള ലൈംഗികബന്ധം, വിവാഹേതരബന്ധം, ലൈംഗികകുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള വ്യത്യാസങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫൗണ്ടേഷൻ കോഴ്‌സിന്റെ ഭാഗമായുള്ള വൈകല്യത്തെക്കുറിച്ചുള്ള ഏഴ് മണിക്കൂർ പരിശീലനവും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.