കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ പടരുന്നതായി റിപ്പോർട്ട് . മലിനജന സാമ്പിളിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68(d68) വലിയതോതിൽ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഡിവ്യൂഹ വ്യവസ്ഥയെ ബാധിക്കാൻ ഇടയുള്ള
അക്യൂട്ട് ഫ്ളാസിഡ് മയലൈറ്റിസ് (എഎഫ്എം) എന്ന അവസ്ഥയുമായി വൈറസിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമൂലം കുട്ടികളുടെ കൈകാലുകൾ തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് വരെ നയിച്ചേക്കാം. സാധാരണയായി മൂക്കൊലിപ്പ്, ചുമ, തലവേദന പോലുള്ള മിതമായ ലക്ഷണങ്ങളാണ് എന്ററോവൈറസ് പ്രകടിപ്പിക്കാറുള്ളത്. എന്നാൽ 2014 -ൽ ഡി68 വകഭേദം ആദ്യമായി കുട്ടികളിൽ റിപ്പോർട്ട് ചെയ്തപ്പോൾ കൂടുതൽ തീവ്രമായ ലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ എ.എഫ്.എം ബാധ മൂലം ശരീരത്തിലുണ്ടാകുന്ന തളർച്ചക്ക് ചികിത്സ കണ്ടെത്തിയിട്ടില്ല. വൈറസ് പിടിപെട്ട കുട്ടികളിൽ വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷവും ശാരീരിക അവശതകൾ നീണ്ടുനിൽക്കുന്നതായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. രണ്ടുവർഷത്തിനു ശേഷമാണ് ഇപ്പോൾ വീണ്ടും എഎഫ്എം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2014ലെ ആദ്യ കേസിനു ശേഷം 2016ൽ 153 കേസുകളും 2018ൽ 238 കേസുകളും റിപ്പോർട്ട് ചെയ്തു. 2024ൽ ഇതുവരെ 13 എ.എഫ്.എം കേസുകളാണ് റിപ്പോർട്ട് ചെയ്തതതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സി.ഡി.സി) യുടെ കണക്കുകൾ വ്യക്തമാകുന്നു. 2014 മുതൽ ഇതുവരെ 758 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.